തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അടുത്ത വർഷം മാർച്ച് വരെ ദീർഘിപ്പിച്ച് എംവിഡി. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് ഈ ബാധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും ഒഴിവാകുന്നതിനുള്ള അവസരമായി പ്രയോജനപ്പെടുത്താമെന്ന് എംവിഡി അറിയിച്ചു. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോംൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാൽ മതിയാകും. കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീർപ്പാക്കാത്ത വാഹന ഉടമകൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും എംവിഡി അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ കുറിപ്പ്:
മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31-03-2024 വരെ ദീർഘിപ്പിച്ചിരിക്കുന്നു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് നികുതി ബോധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-03-2019 നു ശേഷം നികുതി അടച്ചിട്ടില്ലാത്തതും 31-03-2023 ൽ കുറഞ്ഞത് നാല് വർഷമെങ്കിലും നികുതി കുടിശ്ശിക ഉള്ളതുമായ വാഹന ഉടമകൾക്ക് ഇത് പ്രയോജനപ്പെടുത്തി 31-03-2023 വരെയുള്ള നികുതി കുടിശ്ശിക തീർപ്പാക്കാം.
ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് [സ്വകാര്യ വാഹനങ്ങൾ] കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാൽ മതിയാകും. നികുതി കുടിശ്ശിക ബാധ്യതയിൽ നിന്നും ഒഴിയാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീർപ്പാക്കാത്ത വാഹന ഉടമകൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ കൈകൊള്ളുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അടുത്തുള്ള RT/Sub RT ഓഫീസുകളിൽ നിന്ന് ലഭ്യമാണ്.