ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുലിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയങ്ങളിലെല്ലാം രാഹുൽ ഇറ്റലിയിലേക്ക് ഓടുമെന്ന് അദ്ദേഹം പരിഹസിച്ചു. കൊവിഡ് മഹാമാരി സമയത്ത് പോലും ഇറ്റലിക്ക് പോയ രാഹുൽ എന്തിനാണ് ഇവിടെ പ്രചാരണത്തിനിറങ്ങുന്നതെന്നും യോഗി വിമർശിച്ചു.
ഒറ്റക്കെട്ടായി പോരാടി വിജയം കൈവരിക്കേണ്ട സാഹചര്യങ്ങളിൽ രാഹുൽ സുരക്ഷിതയിടം തേടി ചേക്കേറുകയാണ്. കൊവിഡ് സമയത്ത് ലോകം സ്തംഭിച്ചപ്പോഴും രാഹുൽ ഇറ്റലിയിലെത്തി. ഇനിയൊരു വെള്ളപ്പൊക്കമോ ഭൂകമ്പമോ എന്ത് തന്നെ ആയാലും രാഹുൽ ഇത് ആവർത്തിക്കുക തന്നെ ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇങ്ങനെ ഓടിയോളിക്കുന്നവർ എന്തിനാണ് ഇവിടെ പ്രചാരണറാലികളും മറ്റ് സമ്മേളനങ്ങളും നടത്തി സമയം കളയുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന് പുറത്ത് പോകുമ്പോൾ ഇന്ത്യയെ കുറ്റപ്പെടുത്തുകയും തിരികെയെത്തുമ്പോൾ പൈതൃകസ്വത്തായി ലഭിച്ചതാണ് രാജ്യമെന്ന തരത്തിലാണ് രാഹുലിന്റെ പെരുമാറ്റവും പ്രസ്താവനകളുമെന്നും അദ്ദേഹം പരിഹസിച്ചു. വിദേശത്ത് എത്തിയാൽ രാജ്യദ്രോഹി, രാജ്യത്ത് എത്തിയാൽ രാജ്യസ്നേഹി എന്നതാണ് രാഹുലിന്റെ രീതിയെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്‌ട്രയിലെ സാംഗ്ലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്.















