തിരുവനന്തപുരം: ഓരോ വർഷവും ഉയർന്നു വരുന്ന വിജയ ശതമാനം ഉയർത്തി കാണിച്ച് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുകയാണെ അവകാശവാദം ഉയർത്തുന്നതിനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ പരാമർശത്തിന്മേൽ ഇന്ന് മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് നൽകിയേക്കും. അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത കുട്ടികൾ പോലും എ പ്ലസ് വാങ്ങുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയത്.
പൊതു പരീക്ഷകളിലെ മൂല്യ നിർണയത്തെ വിമർശിച്ചാണ് ഷാനവാസ് പറഞ്ഞിരുന്നത്. അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത കുട്ടികൾക്ക് പോലും വാരി കോരി മാർക്ക് കൊടുക്കുന്നത് ആ കുട്ടികളോട് ചെയ്യുന്ന ചതിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പൊതു പരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിലല്ല, മറിച്ച് എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് 50 ശതമാനത്തിനപ്പുറം മാർക്ക് നൽകുന്നതിനോടാണ് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ സംസ്ഥാന സർക്കാരും രംഗത്ത് വന്നിരുന്നു. ഷാനവാസ് പറഞ്ഞത് സർക്കാർ അഭിപ്രായമല്ലെന്നായിരുന്നു മന്ത്രിയുടെ വാദം. സംഭവത്തിൽ ഡിജിഇയോയ് തന്നെ റിപ്പോർട്ട് തേടിയതിൽ അദ്ധ്യാപക സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചു. എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായി സംഘടിപ്പിച്ച ശിൽപ്പശാലയിലായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ പരാമർശം.