ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് ഇന്ധനമായവരിൽ പ്രധാനിയായിരുന്നു മുൻ ഇന്ത്യൻ താരം അജയ് ജഡേജ. അഫ്ഗാൻ ടീമിന്റെ മെന്റായിരുന്ന ജഡേജയും താരങ്ങളുമായി ഊഷ്മള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ഫലം അവരുടെ ലോകകപ്പ് പ്രകടനത്തിലും കാണാമായിരുന്നു. ഇതിന് പിന്നാലെ ജഡേജയ്‌ക്ക് നന്ദി അറിയിച്ച് അഫ്ഗാൻ താരങ്ങളും രംഗത്തെത്തിയിരുന്നു.
അതേസമയം ഒരു അഭിമുഖത്തിനിടെ കൗതുകമുള്ള ഒരു ചോദ്യം ജഡേജയെ തേടിയെത്തി. പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീകനാവാൻ വിളിച്ചാൽ പോകുമോ എന്ന ചോദ്യമായിരുന്നു ഇത്. 1996ലെ ലോകകപ്പിൽ ഇന്ത്യ, പാകിസ്താനെ കീഴടക്കിയപ്പോൾ താരമായത് ജഡേജയായിരുന്നു.
പാകിസ്താൻ ടീമിന്റെ പരിശീലകനാകുമോ? ഒരു ചിരിയോടെ..ഞാൻ റെഡി എന്നായിരുന്നു ജഡേജയുടെ മറുപടി.ഞാനെന്റെ പരിചയ സമ്പത്തും അറിവുകളും അഫ്ഗാൻ താരങ്ങളുമായി പങ്കുവച്ചു. പാകിസ്താനും ഒരിക്കൽ അഫ്ഗാനിസ്ഥാനെപ്പോലെയുള്ള ടീമായിരുന്നു. നിങ്ങൾക്ക് ടീം അംഗങ്ങളുടെ മുഖത്തു നോക്കി എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.- അഭിമുഖത്തിൽ ജഡേജ പറഞ്ഞു. താരത്തെ ഐ.പി.എൽ ടീമുകളും പരിശീലക റോളിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.















