ചെന്നൈ : ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിൽ കൈത്താങ്ങായി ബിജെപി-ആർ എസ് എസ് പ്രവർത്തകർ . തമിഴ്നാട്ടിൽ ഇതുവരെ 17 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ചെന്നൈയടക്കം പ്രധാന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഈ ഭാഗങ്ങളിലൊക്കെ ഭാരതീയ ജനതാ പാർട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെയും പ്രവർത്തകർ ജനങ്ങളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
അര പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് തമിഴ്നാട്ടിൽ പെയ്തത് . വെള്ളത്തിനടിയിലായവയിൽ നിരവധി പോഷ് കോളനികളും ഉൾപ്പെടുന്നു. പലയിടത്തും ഇപ്പോഴും അരയ്ക്കൊപ്പം വെള്ളത്തിലാണ് . ഈ മേഖലകളിലെല്ലാം ഇപ്പോൾ ദുരിതാശ്വാസ, രക്ഷാപ്രവർത്തകർ എത്തുന്നുണ്ട്.കൊടുങ്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണപ്പൊതികളും മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ബിജെപി പ്രവർത്തകർ വിതരണം ചെയ്യുന്നുണ്ട്.
ബിജെപി പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നുണ്ട് . തമിഴ്നാട് ബിജെപി പല സ്ഥലങ്ങളിലും ഭക്ഷണശാലകൾ സ്ഥാപിച്ചിട്ടുണ്ട്, അവിടെ നിന്നാണ് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് .
തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ തന്നെയാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി യൂണിറ്റുകളും തമിഴ്നാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. ഗോവ, കർണാടക, കേരളം തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി , ആർ എസ് എസ് പ്രവർത്തകരും ദുരിതാശ്വാസ സാമഗ്രികളുമായി തമിഴ്നാട്ടിലെത്തുന്നുണ്ട്.
അതേസമയം മഴ അവസാനിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചതിന് പിന്നാലെ ചെന്നൈയിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളത്തിൽ നിന്നും വെള്ളം നീക്കം ചെയ്ത് ഇപ്പോൾ വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്.