തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. തെക്ക്-കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരളാ തീരത്ത് 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഡിസംബർ 7,10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. 8, 9 തീയതികളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.