സൂറിച്ച്: 2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഖത്തർ ലോകകപ്പ് നേടിയതോടെ എല്ലാം സ്വന്തമാക്കിയെന്നും ഇനിയൊന്നും നേടാനില്ലെന്നും മെസി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കരിയറിലെ എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും പുരസ്‌കാരങ്ങളും താരം നേടിയിട്ടുണ്ട്. എന്നാൽ അർജന്റൈൻ ടീമും ആരാധകർ ഒന്നടങ്കവും ആഗ്രഹിക്കുന്നത് മെസി വരുന്ന ലോകകപ്പിലും അർജന്റീനയ്‌ക്കായി ബൂട്ടുകെട്ടണമെന്നാണ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുടെ ആഗ്രഹവും ഇതുതന്നെയാണ്.
2026-ലെ ലോകകപ്പിൽ മെസി അർജന്റീനയ്‌ക്കായി കളത്തിലിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇൻഫന്റിനോ പറഞ്ഞു. അതിനുശേഷം നടക്കുന്ന 2030-ലെയും 2034ലെയും ലോകകപ്പിനും ലയണൽ മെസി ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. 2026 ലെ ലോകകപ്പിൽ മെസി പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഖത്തർ ലോകകപ്പിലെ വിജയത്തോടെ മെസി അന്താരാഷ്‌ട്ര ഫുട്‌ബോൾ കരിയറിന് വിടപറയുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ 36 വയസുകാരനായ മിശിഹ എന്ന് വിരമിക്കും എന്നതിനെ പറ്റി സൂചനയൊന്നും ഇതുവരെയും നൽകിയിട്ടില്ല. 36 വയസ് പിന്നിട്ട ഫുട്‌ബോൾ ഇതിഹാസത്തിന് 2034ൽ പ്രായം 47 ആകും.















