കോട്ടയം: ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ സ്വദേശി കെവി ഷാജുവാണ് അറസ്റ്റിലായത്. പെരുവ മുളക്കുളം സ്വദേശിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ പ്രതി ഇവിടെ ചികിത്സയിലായിരുന്ന സ്ത്രീയെ മുറിക്കുള്ളിൽ കടന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വിധവയായ സ്ത്രീയുമായി അടുപ്പത്തിലായ പ്രതി കുറച്ച് കാലം ഒരുമിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ കേസിൽ ഇയാൾ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി ഇവർ ആശുപത്രിയിലാണെന്നറിഞ്ഞ് ഇവിടെയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.