എറണാകുളം: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് കേരളജനതയെ ക്ഷണിച്ചുകൊണ്ടുള്ള പവിത്രമായ അക്ഷത വിതരണം ഇന്ന്. കേരളത്തിലെ 50 ലക്ഷം ഹൈന്ദവ ഭവനങ്ങളിൽ ഇന്ന് പവിത്രമായ അരി വിതരണം ചെയ്യും. അക്ഷത വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കും. അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതവും ലഘുലേഖയുമാണ് വിതരണം ചെയ്യുന്നത്. രാവിലെ 11-ന് ആരംഭിക്കുന്ന ചടങ്ങിൽ റിട്ട. ജസ്റ്റിസ് കെഎസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ സീമാ ജാഗരൺ മഞ്ച് അഖിലഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജോയിന്റ് ജനറൽ സെക്രട്ടറി സ്ഥാണുമാലയൻ, ക്ഷേത്ര സംഘടനാ സെക്രട്ടറി കേശവ രാജു, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വിആർ രാജശേഖരൻ, കേരള സംയോജക് പ്രസാദ് ബാബു തുടങ്ങിയവർ പങ്കെടുക്കും.
എല്ലാ ജില്ലകളിലേക്കുമുള്ള അക്ഷത വിതരണമാണ് ഇന്ന് നടക്കുക. രാജ്യത്തിന്റെ 45 മേഖലകളിൽ നിന്നായി നൂറിലധികം വിച്ച്പി പ്രവർത്തകരാണ് അയോദ്ധ്യയിലെത്തി പവിത്രമായ അക്ഷതം സ്വീകരിച്ചത്. ഓരോ പ്രവർത്തകനും ലോഹകുടങ്ങളിൽ അഞ്ച് കിലോ അരിയാണ് നൽകിയത്. പ്രവർത്തകർ ദേശങ്ങളിലെത്തിച്ച് എല്ലാ വീടുകളിലും എത്തിക്കും. ദേവസന്നിധിയിൽ ആയിരം കിലോ അരിയുടെ അക്ഷത് പൂജയാണ് ഇതിനായി നടന്നത്.















