പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം നാളെ പറത്തുവരുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൂര്യാഗം എന്ന പേരിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തുന്നത്. ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് നാളെ പുറത്തുവിടുക.
ഇതുവരെയുള്ള സിനിമാ മേഖലയുടെ കളക്ഷൻ മാറ്റിയെഴുതുന്ന ചിത്രമാണ് സലാർ. ഇന്ത്യയിൽ മത്രമല്ല രാജ്യത്തിന് പുറത്തും സലാർ റെക്കോർഡുകൾ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രം രണ്ട് ഭാഗങ്ങളായാകും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ് ഫയർ ഡിസംബർ 22-ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെത്തിക്കുന്നത്. ഒടിടി റൈറ്റ്സിന് 160 കോടി രൂപ സലാറിന് ലഭിച്ചു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയായെത്തുന്നത്. ആക്ഷന്‍ പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് സലാർ.