ഭോപ്പാൽ : രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം . 2024 ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന മഹാക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ദിനം . എന്നാൽ അന്ന് രാജ്യത്തെ മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ മഹത്തായ രാമക്ഷേത്രങ്ങളിലും പ്രാണപ്രതിഷ്ഠ നടക്കും .
അയോദ്ധ്യയുടെ മാതൃകയിൽ മദ്ധ്യപ്രദേശിൽ നിർമ്മിക്കുന്ന മിനി അയോദ്ധ്യ ക്ഷേത്രത്തിലും ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠ . അയോദ്ധ്യയിൽ രാംലല്ലയെ പ്രതിഷ്ഠിക്കുന്ന അതേ ദിവസം, സീതയ്ക്കും ലക്ഷ്മണനുമൊപ്പം ഭഗവാൻ ശ്രീരാമൻ മദ്ധ്യപ്രദേശിലെ ഈ ക്ഷേത്രത്തിലും ഉപവിഷ്ടനാകും.
മദ്ധ്യപ്രദേശിലെ മഹേശ്വര് ജലവൈദ്യുത പദ്ധതിയിൽ മുങ്ങിയ നർമ്മദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലേപ ഗ്രാമത്തിലാണ് അയോദ്ധ്യ ധാം ബൈരാഗർ എന്ന പേരിൽ ഈ ക്ഷേത്രം നിർമ്മിക്കുന്നത്. അയോദ്ധ്യാ രാമക്ഷേത്രത്തെ എന്നും കാണണമെന്ന ആഗ്രഹത്താൽ ഗ്രാമത്തിലെ 250 കുടുംബങ്ങളും മറ്റ് ഭക്തരും ക്ഷേത്രം നിർമ്മിക്കാൻ മുന്നോട്ട് വരികയായിരുന്നു .
അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയ അതേ ദിവസം തന്നെ ഇവിടെയും ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അന്നേ ദിവസം ഇവിടെയും ഭൂമിപൂജ നടത്തി. ജയ്പൂരിലാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
അയോദ്ധ്യയിലെ ക്ഷേത്രം പോലെ ഡിജിറ്റൽ മാപ്പ് ഉണ്ടാക്കി അതിനനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 5500 ചതുരശ്ര അടിയിൽ 28 ഏക്കറിലാണ് രണ്ട് കോടിയോളം രൂപ ചെലവിൽ അയോദ്ധ്യാധാം നിർമിക്കുന്നത് .
കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുവരുന്നു. ഇവിടെ 10 അടി ഉയരത്തിൽ തടിയിലാണ് സിംഹാസനം ഒരുക്കിയിരിക്കുന്നത് .
ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ മെഹ്റമ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കസ്ബ ഗ്രാമത്തിലും ശ്രീരാമ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. ഇവിടെ ശ്രീരാമന്റെയും ജാനകിയുടെയും ലക്ഷ്മണന്റെയും വിഗ്രഹ പ്രതിഷ്ഠാ പരിപാടിയും 2024 ജനുവരി 22 ന് നടക്കും.
ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കാൻ പോകുന്ന ജാർഖണ്ഡിലെ കസ്ബ ഗ്രാമവാസികൾ തടസ്സങ്ങൾക്കിടയിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എം.എൽ.എ, എം.പി തുടങ്ങിയ പ്രാദേശിക നേതാക്കൾ ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പൂർണ്ണമായി സഹകരിച്ചു . ഗോദ്ദ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മഹാഗാമ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായ ദീപിക പാണ്ഡെ സിങ്ങും ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ചിട്ടുണ്ട്.
രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് ഏറ്റവും നല്ല തീയതിയായി ജനുവരി 22 കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമനെ പ്രതിഷ്ഠിക്കുന്നതിനെ കുറിച്ച് രാജ്യത്ത് ശക്തമായ ചർച്ചകൾ നടക്കുമെങ്കിലും ചരിത്രത്തിന്റെ താളുകളിൽ ഈ ദിവസം ഒന്നല്ല എന്നതും രേഖപ്പെടുത്തപ്പെടും ..