ഇസ്ലാമാബാദ്: തോഷഖാനാ കേസിൽ ശിക്ഷ അനുഭവിക്കുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഖാൻ നൽകിയ ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി അടുത്താഴ്ച വിധി പറയാൻ മാറ്റി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖും ജസ്റ്റിസ് താരിഖ് ജഹാംഗിരിയും ചേർന്നാണ് ഹർജി പരിഗണിച്ചത്.
തോഷഖാനാ കേസിലെ പ്രതിയായ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയാണ് ജില്ലാ സെഷൻസ് കോടതി വിധിച്ചത്. അഞ്ച് വർഷത്തേക്ക് പദവിയിലിരിക്കാൻ ഇമ്രാൻ ഖാൻ അയോഗ്യനാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അറ്റോക്ക് ജയിലിലാണ് നിലവിൽ ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് തോഷഖാനാ കേസിൽ ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. തീവ്രവാദം, അക്രമം, മതനിന്ദ, അഴിമതി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ ചുമത്തിയിരിക്കുന്നത്.
2018- 2022 കാലയാളവിൽ പ്രധാനമന്ത്രിയായിരിക്കെ അധികാര പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള കേസ്. വിദേശ സന്ദർശനത്തിനിടെ ലഭിച്ച സമ്മാനങ്ങൾ ഇമ്രാൻ ഖാൻ മറിച്ചുവിൽക്കുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 140 മില്യണിലധികം വിലമതിക്കുന്ന വസ്തുക്കളാണ് മറിച്ച് വിറ്റതെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെയായിരുന്നു ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.