ന്യൂഡൽഹി: ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ഭരണത്തിലേറും എന്നത് സംബന്ധിച്ച് ഇടിജി നടത്തിയ സർവെ ഫലം പുറത്ത്. ഇൻഡി സഖ്യം ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലവിലെ എൻഡിഎ സഖ്യത്തിനെ പരാജയപ്പെടുത്താൻ സാധിക്കുമോ എന്നതിനെ അടിസ്ഥാനമാക്കിയാണ് സർവെ നടന്നത്.
328 സീറ്റുകൾ വരെ നേടി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലേറുമെന്നാണ് സർവെ വ്യക്തമാക്കുന്നത്. ഇൻഡി സഖ്യത്തിലെ എല്ലാ കക്ഷികളും ഒന്നിച്ചുനിന്നാലും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നുമാത്രമല്ല 163 സീറ്റിൽ മാത്രമായി മുന്നണി ഒതുങ്ങുമെന്നും സർവെ പറയുന്നു. മുന്നണികൾക്ക് പുറത്തുള്ള ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ബിആർഎസ് – ബിഎസ്പി എന്നീ പാർട്ടികൾ തളരുമെന്നും സർവെ വ്യക്തമാക്കുന്നു.
ഉത്തരഭാരതത്തിലെ സീറ്റുകളിൽ ബിജെപി നേട്ടം കൊയ്യുമെന്നും ദക്ഷിണഭാരതത്തിലെ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ബിജെപി സീറ്റ് നേടാൻ സാദ്ധ്യതയുണ്ടെന്നും സർവെ പറയുന്നു.
ബിജെപി ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം നേടും. 44 ശതമാനം വോട്ടുകളാണ് ബിജെപി നേടുക. ഇൻഡി സഖ്യത്തിനാകെ 39 ശതമാനം വോട്ടുകൾ മാത്രമാകും ലഭിക്കുക. വൈഎസ്ആർ കോൺഗ്രസ് മൂന്നും ബിജെഡി രണ്ടും ശതമാനം വോട്ടുകളും സ്വന്തമാക്കുമെന്നും സർവെ ഫലം സൂചിപ്പിക്കുന്നു.