കോഴിക്കോട്: എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളല്ലെന്നും അവർ ഗുണ്ടകളും ക്രിമിനലുകളുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും എന്തും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ന് രണ്ട് മണിക്കൂറോളം താൻ കോഴിക്കോട് നഗരത്തിൽ തന്നെയുണ്ടായിരുന്നെന്നും എന്നാൽ ഒരു എസഎഫ്ഐ കാരനെ പോലും കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും താൻ ജനമദ്ധ്യത്തിൽ തന്നെ കാണുമെന്നും ഗവർണർ വ്യക്തമാക്കി.
”ഇന്ന് ഞാൻ രണ്ട് മണിക്കൂറോളം കോഴിക്കോട് നഗരത്തിൽ ചെലവഴിച്ചു. എസ്എഫ്ഐയിൽ പത്ത് ഇരുന്നോളം ക്രിമിനലുകളുണ്ടല്ലോ, എന്തുകൊണ്ട് ഒരാൾ പോലും പ്രതിഷേധവുമായി വന്നില്ല. എസ്എഫ്ഐ പ്രവർത്തകർ മാത്രമാണോ ഇവിടെ വിദ്യാർത്ഥികളായിട്ടുള്ളത്? മറ്റാരും വിദ്യാർത്ഥികളല്ലേ. എനിക്ക് ആരെയും പേടിയില്ല. ജനങ്ങളിൽ നിന്നും തനിക്ക് ലഭിച്ചത് സ്നേഹമാണ്. കോഴിക്കോട് നഗരത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. ഗവർണർ പറഞ്ഞു.
ഇന്ന് ഉച്ചയോടെ കോഴിക്കോട് മിഠായി തെരുവിലെത്തിയ ഗവർണർ നിരത്തിലൂടെ ജനങ്ങൾക്കൊപ്പം നടന്നു നീങ്ങി. വ്യാപാരികളുമായി സംസാരിക്കുകയും കടകളിൽ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.ഗവർണർ കോഴിക്കോട് കാലുകുത്തിയാൽ തെരുവിൽ തടയുമെന്ന എസ്എഫ്ഐ പ്രവർത്തകരുടെ വെല്ലുവിളി ഏറ്റെടുത്താണ് സുരക്ഷ പോലും വേണ്ടെന്ന് വച്ച് അദ്ദേഹം തെരുവിലിറങ്ങിയത്.