ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം സ്വകാര്യ ഹർജിയും നൽകും.
കുടുംബാംഗങ്ങൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് അപ്പീൽ നൽകും. സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസിൽ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഉന്നയിക്കും.
2021 ജൂൺ 30-നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിെയ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനിലേക്ക് അന്വേഷണ സംഘമെത്തിയത്. അന്വേഷണത്തിലെ വീഴ്ചയാണ് പ്രതിയെ വെറുതെ വിടാൻ കാരണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.