കാസർകോട്: കൊറോണ ബാധിതരുടെ ചികിത്സയ്‌ക്കായി ടാറ്റ ഗ്രൂപ്പ് തെക്കിലിൽ നിർമ്മിച്ച് നൽകിയ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി ക്രിട്ടിക്കൽകെയർ യൂണിറ്റാക്കുന്നു. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ഇൻഫ്രാസ്ട്രെക്ചർ മിഷന് കീഴിലാണ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്നത്. 23.75 കോടി രൂപയാണ് പദ്ധതിയ്‌ക്ക് ചിലവുവരുന്നത്. ട്രോമ കെയർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെയുണ്ടാകും.
45,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റിനായി ഉയരുക. ഇവിടെ 6 കോടി രൂപയുടെ ഉപകരണങ്ങളും ലഭ്യമാക്കും. നിലവിലുള്ള കണ്ടെയ്നറുകൾ നീക്കിയാണ് കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കാസർകോട് ജില്ലാ ജില്ലാപഞ്ചായത്തിനായിരിക്കും ക്രിട്ടിക്കൽകെയർ യൂണിറ്റിന്റെ ചുമതല. ടാറ്റ ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യു ഭൂമിയിൽ ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകി സർക്കാർ ഉത്തരവായതിന് പിന്നാലെയാണ് ക്രിട്ടിക്കൽകെയർ യൂണിറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യുവകുപ്പിൽ നിലനിർത്തിയാണ് ആരോഗ്യവകുപ്പിന് ഭൂമി കൈമാറിയിട്ടുള്ളത്. ആറുമാസത്തിനകം ക്രിട്ടിക്കൽകെയർ ആശുപത്രിയുടെ നിർമ്മാണം ആരംഭിക്കാനാണ് ശ്രമം നടക്കുന്നത്.















