ആരാധകർ കാത്തിരുന്ന ലാലേട്ടനെ സ്ക്രീനിൽ കണ്ടതിന്റെ ആവേശത്തിലാണ് നേര് കണ്ടിറങ്ങിയ പ്രേക്ഷകരുടെ മുഖത്ത് കാണാൻ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ അക്ഷരാർത്ഥത്തിൽ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. നേരിന്റെ ഈ ഒരു വിജയത്തിന് പ്രേക്ഷകർ ഒന്നടങ്കം നന്ദി പറയുന്നത് സംവിധായകനായ ജീത്തു ജോസഫിനാണ്. ഒരു ജീത്തു ജോസഫ് ചിത്രം എന്ന് തന്നെ ഉറപ്പിച്ച് പറയാമെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.
സിനിമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയാകുമ്പോൾ പോസിറ്റീവ് പ്രതികരണങ്ങളാണ് കാണികളിൽ നിന്നും ലഭിക്കുന്നത്. പിടിച്ചിരുത്തിയെന്നും സാധാരണ ജീത്തു ജോസഫ് ചിത്രങ്ങൾ പോലെ ട്വിസ്റ്റ് പ്രതീക്ഷിക്കാതെ, നല്ലൊരു കഥയുണ്ടെന്നുറപ്പിലാണ് സിനിമ കാണേണ്ടതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. അനശ്വര രാജനെ മുൻനിർത്തി കഥ വികസിക്കുമ്പോൾ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്ന അഭിപ്രായവും വന്നു. പൂർണമായും കഥാപാത്രത്തിൽ മോഹൻലാൽ ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നെന്നാണ് പ്രതികരണങ്ങൾ.
സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർ ജീത്തു ജോസഫിനെയും വാനോളം പുകഴ്ത്തുന്നുണ്ട്. പ്രേക്ഷകരെ മനസിലാക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാൾ, പ്രേക്ഷകർക്ക് കണക്ട് ആകുന്ന തരത്തിൽ ഒരു സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയുന്ന സംവിധായകൻ. ഓരോ ലാലേട്ടൻ ആരാധകനും മലയാള സിനിമ പ്രേക്ഷകരും നിങ്ങളോട് വീണ്ടും കടപ്പെട്ടിരിക്കുന്നു, തുടങ്ങി നിരവധി കമന്റുകളാണ് കാണാൻ കഴിയുന്നത്.
പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ജീത്തു ജോസഫും രംഗത്ത് എത്തിയിരുന്നു. നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി. എന്നായിരുന്നു ജീത്തുവിന്റെ വാക്കുകൾ.