ന്യൂയോർക്ക്: സാധാരണക്കാരായ ജനങ്ങളുടെ പിന്നിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്നത് ഹമാസ് അവസാനിപ്പിക്കണമെന്നും, ആയുധങ്ങൾ താഴെ വച്ച് കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആക്രമണത്തിന് തുടക്കമിട്ട ഹമാസിനോട് ആരും ഇക്കാര്യങ്ങൾ പറയാതെ ഇസ്രായേലിനോട് മാത്രം യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ആന്റണി ബ്ലിങ്കൻ ചോദിച്ചു.
” ഈ യുദ്ധം അവസാനിച്ച് കാണണമെന്നാണ് ഞാൻ ഉൾപ്പെടെ എല്ലാവരും ആഗ്രഹിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ പിന്നിൽ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ഞങ്ങൾ ഹമാസിനോട് ആവശ്യപ്പെടുന്നത്. ആയുധങ്ങൾ താഴെ വച്ച് കീഴടങ്ങാൻ അവർ തയ്യാറാകണം. ഹമാസ് അങ്ങനെ ചെയ്യുകയാണെങ്കിൽ ഈ യുദ്ധം നാളെ തന്നെ അവസാനിക്കും. അവർ അതിന് തയ്യാറായിരുന്നുവെങ്കിൽ ഈ യുദ്ധം നാളുകൾക്ക് മുന്നേ തന്നെ അവസാനിക്കുമായിരുന്നു.
ഹമാസ് ആണ് ഈ യുദ്ധത്തിന് തുടക്കമിട്ടത്. എന്നാൽ അവരോട് ഈ പോരാട്ടം അവസാനിപ്പിക്കാൻ പറയുന്നതിന് പകരം ആക്രമണത്തിന് ഇരയായ ഇസ്രായേലിനോടാണ് യുദ്ധം അവസാനിപ്പിക്കാൻ പലരും ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ഹമാസിന് മുന്നിൽ ആരും ഈ ആവശ്യം ഉയർത്താത്തത്. സംഘർഷം എത്രയും വേഗം അവസാനിച്ച് കാണണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒക്ടോബർ ഏഴ് ആവർത്തിച്ച് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും” ആന്റണി ബ്ലിങ്കൻ പറഞ്ഞു.