തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തലാണ് മഴ കനക്കുന്നത്. തെക്ക്-കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.
ഈ പശ്ചാത്തലത്തിൽ ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 25,26 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്.
കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.