കാലിഫോർണിയ: 2022-ലെ ഖത്തർ ലോകകപ്പിന്റെ കഥ പറയുന്ന ഡോക്യുമെന്ററി സീരിസ് റീലിസിനൊരുങ്ങുന്നു. ‘ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഫിഫയുമായി ചേർന്നുള്ള ഡോക്യുമെന്ററി സീരിസ് ഡിസംബർ 30-നാണ് റിലീസ് ചെയ്യുക. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ തുടങ്ങിയ ലോകകപ്പ് താരങ്ങളുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി ഇറങ്ങുന്നത്.
കളിക്കളത്തിലെ മനോഹരമായ നിമിഷങ്ങളും ആരാധകർ ഇതുവരെയും കാണാത്തതും അറിയാത്തതുമായ ഡ്രസിംഗ് റൂമിലേതുൾപ്പെടെയുള്ള സംഭവങ്ങളും ഡോക്യുമെന്ററിയിൽ ഉണ്ട്. ലോകകപ്പിന്റെ ഭാഗമായ 32 രാജ്യങ്ങളിലെ ആരാധകരുടെ പ്രതികരണങ്ങളും ഡോക്യുമെന്ററി സിരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് യോഗ്യത മത്സരത്തിന്റെ കഥ പറയുന്ന ക്യാപ്റ്റൻസ് എന്ന സിരീസിന്റെ രണ്ടാം ഭാഗമാണ് പുതിയ ഡോക്യുമെന്ററി. 2022-ൽ നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ക്യാപ്റ്റൻസും ആരാധകർക്ക് മുന്നിലെത്തിച്ചത്. ക്രൊയേഷ്യയുടെ ലൂക്ക മോൻഡ്രിച്ച്, ബ്രസീലിന്റെ തിയാഗോ ഡി സിൽവ, ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ പിയെ എമെറിക് ഓബമെയാംഗ് എന്നിവർ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്നു.