തൃശൂർ: സംഗമഗ്രാമ മാധവന്റെ ജന്മദേശം അന്താരാഷ്ട്ര ഗണിത ഗവേഷണ കേന്ദ്രമായി ഉയരണമെന്ന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. കഴിഞ്ഞ ദിവസം ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് മാധവ ഗണിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാടപ്പള്ളി ക്ഷേത്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാരതീയ വിജ്ഞാന സംഭാവനകൾ ആധുനിക ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതിൽ നമ്മുടെ ഗണിത സംഭാവനകൾ ഇന്ന് എല്ലാ മേഖലയിലും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാൻസർ ചികിത്സയിൽ അടക്കം രോഗനിർണ്ണയത്തിലും ചികിത്സയിലും സൂക്ഷ്മതയും കൃത്യതയും കൈവരിക്കുന്നതിന് ഉപയോഗിക്കുന്ന ഗണിത സങ്കേതങ്ങൾ കേരളീയ ഗണിതജ്ഞരുടെ കൂടി സംഭാവനയുടെ അടിസ്ഥാനത്തിൽ ആണ്. കേരളത്തിലെ വിജ്ഞാന പാരമ്പര്യത്തെ വളർത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടു വരണം. അതിനു സമൂഹത്തിന്റെ ഉള്ളിലും വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. സംഗമഗ്രാമ മാധവന്റെ ജന്മദേശം അന്താരാഷ്ട്ര ഗണിത ഗവേഷണ കേന്ദ്രമായി ഉയരേണ്ടതുണ്ട്. അത് കേരളം തിരിച്ചറിയേണ്ടതുണ്ടെന്നും’ പ്രമുഖ റേഡിയോളജിസ്റ്റ് കൂടിയായ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.
ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞ പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവൻ ജന്മം കൊണ്ടത് ഇരിങ്ങാലക്കുടയിലെ ഇരിങ്ങാടപള്ളി മനയിലാണ്. ദേശീയ ഗണിത ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഭാഗമായി ഇരിങ്ങാടപള്ളി മനയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സംരക്ഷിച്ച് പോരുന്ന മാധവ ശിലയിലും പുഷ്പാർച്ചന നടത്തി. മാധവന്റെ ഗണിത ഗവേഷണത്തിന്റെ ഭാഗമായി ഇരിങ്ങാടപ്പള്ളിയിൽ അവശേഷിക്കുന്നത് വാനനിരീക്ഷണത്തിനായി ഉപയോഗിച്ച ശിലാപാളികളാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർക്കാൻ ശ്രമിച്ചതാണ് ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ആക്രമണത്തിന്റെ മുറിപ്പാടുകൾ ഇന്നും ക്ഷേത്രത്തിൽ അവശേഷിക്കുന്നുണ്ട്.
മാധവന്റെ ഓർമ്മകളുള്ള ഗ്രാമത്തിലേക്ക് അതിനെ അനുഭവവിച്ചറിയാൻ നിരവധി പ്രമുഖരാണ് എത്തിച്ചേരുന്നതെന്ന് മാധവഗണിത കേന്ദ്രം ഡയറക്ടറും ശിക്ഷ ഉത്ഥാൻ ന്യാസ് ദേശീയ സഹ സംയോജകനുമായ എ. വിനോദ് പറഞ്ഞു. അനുസ്മരണ ചടങ്ങിനിടെ എറണാകുളം പരമഭട്ടാര കേന്ദ്രീയ വിദ്യാലയം തയ്യാറാക്കിയ മാധവനെ കുറിച്ചുള്ള ഹ്രസ്വചിത്രം ചെമ്മണ്ട സംസ്‌കൃത ഗുരുകുലം ഡയറക്ടർ ഡോ. പി. നന്ദകുമാർ പ്രകാശനം ചെയ്തു.
നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളെ മുഴുവൻ പുന:സൃഷ്ടിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അതിന് എന്ത് ത്യാഗം സഹിക്കാനും തയ്യാറാകണമെന്നും ചടങ്ങിൽ സംസാരിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എൻ.സി. ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ. വിനോദ് മാധവ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.കെ. വിനോദ് വാര്യർ, പി.സി. സുഭാഷ്, ഡോ. വന്ദന എന്നിവരും അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.















