ഗാന്ധിനഗർ: അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ലഷ്‌കർ-ഇ-ത്വയ്ബ നടത്തിയ ഭീകരാക്രമണം രാജ്യം നേരിടുന്ന ഭീകരതയുടെ ഒരു ഉദാഹരണമായിരുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. രാജ്യത്ത് ആരെങ്കിലും ഭീകരവാദം പരിശീലിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്ന് അതിനെതിരെ പ്രതികരിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നിമിഷം മുതൽ പാകിസ്താന്റെ ഭാഗത്തു നിന്നുള്ള തീവ്രവാദം ആരംഭിച്ചു. അതിൽ നിന്നെല്ലാം ഇന്ന് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് അതിർത്തി കടന്ന് നടത്തിയ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ഉദാഹരണമാണ്. ഇന്ന് നമ്മൾ ആദ്യം ചെയ്യേണ്ടത് അതിനെ പ്രതിരോധിക്കുക എന്നതാണ്. ആരെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദം നടത്തുകയാണെങ്കിൽ നമ്മൾ അതിനെതിരെ ശക്തമായി പ്രതികരിക്കണം’.
‘തീവ്രവാദം എന്നത് കാലങ്ങളായി ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. അതിനെ നിയമത്തിന് വിധേയമാക്കേണ്ടതുണ്ട്. ശക്തമായ നിയമങ്ങൾ കൊണ്ട് അതിനെ നേരിടണം. അതാണ് ഞങ്ങളുടെ ദൗത്യം. ഭീകരവാദത്തെ പ്രതിരോധിക്കുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഒരിക്കലും സാധാരണമായിരുന്നില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ വലിയ തരത്തിൽ പിന്തുണ നൽകുന്നുണ്ട്’- എസ് ജയശങ്കർ പറഞ്ഞു.















