മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഓസ്‌ട്രേലിയയുമായി 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഇതാദ്യമായാണ് വിജയം സ്വന്തമാക്കുന്നത്. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയെയും എട്ട് വിക്കറ്റിന് ഇന്ത്യൻ വനിതകൾ തറപറ്റിച്ചത്. 1984ന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഇത് ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടിയത്. രണ്ടാം ഇന്നിംഗ്‌സിലെ 75 റൺസ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറിൽ മറികടക്കുകയായിരുന്നു. 38 റൺസെടുത്ത സമൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
നാലാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗാരംഭിച്ച ഓസീസ് 28 റൺസ് ചേർക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌നേഹ റാണയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ രാജേശ്വരി ഗെയ്ക്‌വാദും ഹർമൻപ്രീത് കൗറുമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയക്ക് 2 വിക്കറ്റുകളാണ് നഷ്ടമായത്. ഷെഫാലി വർമ്മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. സ്മൃതി മന്ദാനയും(38) ജമീമ റോഡ്രിഗസും(12) ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ 219 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇന്ത്യയ്‌ക്കായി പൂജ വസ്ത്രകർ നാലും സ്‌നേഹ റാണ മൂന്ന് വിക്കറ്റും വീഴ്‌ത്തിയതോടെയാണ് ഓസ്‌ട്രേലിയ ചെറിയ സ്‌കോറിൽ ഒതുങ്ങിയത്. തഹ്ലിയ മക്ഗ്രാത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ,ഷെഫാലി വർമ്മ(40), സ്മൃതി മന്ദാന ( 74) എന്നിവർ ഓപ്പണിംഗ് വിക്കറ്റിൽ 90 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. റിച്ച ഘോഷ് (52), ജെമിമ റോഡ്രിഗസ് (73), ദീപ്തി ശർമ്മ (171 പന്തിൽ 78) എന്നിവരുടെ അർദ്ധ സെഞ്ച്വറിയും പൂജ വസ്ത്രകറിന്റെ 47 റൺസും ചേർന്നതോടെ ഒന്നാം ഇന്നിംഗ്‌സിൽ 187 റൺസ് ലീഡുമായി 406 റൺസാണ് ഇന്ത്യൻ വനിതകൾ നേടിയത്.















