ദന്തേവാഡ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് ഏറ്റുമുട്ടലിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചത്. കാറ്റേകല്യൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ദബ്ബക്കുന്ന ഗ്രാമത്തിനടുത്തുള്ള കുന്നിൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
വൈകുന്നേരം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം വനപ്രദേശത്ത് പരിശോധന നടത്തുമ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (ബസ്തർ റേഞ്ച്) സുന്ദർരാജ് പറഞ്ഞു. സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെയും (ഡിആർജി) ബസ്തർ ഫൈറ്റേഴ്സിലെയും ഉദ്യോഗസ്ഥർ തുമാക്പാൽ പോലീസ് ക്യാമ്പിൽ നിന്ന് ദന്തേവാഡ-സുക്മ അന്തർ ജില്ലാ അതിർത്തിയിലൂടെ ദബ്ബക്കുന്നയിലേക്ക് ഓപ്പറേഷൻ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തുമാക്പാലിനും ഡബ്ബക്കുന്നയ്ക്കും ഇടയിലുള്ള കുന്നിലാണ് വെടിവയ്പ്പ് നടന്നത്. മൂന്ന് പുരുഷ കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ സ്ഥലത്തുനിന്നും കണ്ടെടുത്തു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കളുടെയും ആയുധങ്ങളുടെയും ശേഖരം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.