സെഞ്ചൂറിയൻ: രണ്ട് മത്സരങ്ങളടങ്ങിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്‌സ് പാർക്കിലാണ് മത്സരം നടക്കുക. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതും പ്രോട്ടീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ്. എന്നാൽ ആരാധകർ ഉറ്റുനോക്കുന്നത് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും റെക്കോർഡ് മറികടക്കാൻ വിരാട് കോലിയ്‌ക്ക് ഈ ടെസ്റ്റിലൂടെ സാധിക്കുമോ എന്നതാണ്.
ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നാലാമതാണ് വിരാട് കോലി. പ്രോട്ടീസ് മണ്ണിൽ 14 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞ കോലി 56.18 ശരാശരിയിൽ 1236 റൺസ് നേടിയിട്ടുണ്ട്. മൂന്നാമതുള്ള രാഹുൽ ദ്രാവിഡിന് 1252 റൺസും രണ്ടാമതുള്ള വിരേന്ദർ സെവാഗിന് 1306 റൺസുമാണുള്ളത്. എന്നാൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ മറികടക്കാൻ കോലിയ്‌ക്ക് ഈ ടെസ്റ്റ് പരമ്പരയിൽ 500-ൽ അധികം റൺസ് കണ്ടെത്തണം. 25 ടെസ്റ്റുകളിൽ നിന്ന് 42.46 ശരാശരിയിൽ 1741 റൺസാണ് സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ളത്.
അതേസമയം, ഏകദിന ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്ന വിരാട് കോലി ടെസ്റ്റിലും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ 765 റൺസ് നേടിയ കോലിയായിരുന്നു ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെയാണിത്. സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ താരമെന്ന നേട്ടവും വിരാടിന്റെ പേരിലാണ്.