ന്യൂഡൽഹി: യുഎഇയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ പണമിടപാട് നടത്തിയത് രൂപയിൽ. ഇതാദ്യമായാണ് ഇന്ത്യ യുഎസ് ഡോളറിന് പകരം രൂപ നൽകി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. രൂപയുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനും രൂപയെ അന്തർദേശീയവത്കരിക്കുന്നതിനും ഇത് ആക്കം കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ലോകത്തിലെ മൂന്നാമത്തെ ഊർജ്ജ ഉപഭോക്താവായ ഇന്ത്യ അന്താരാഷ്‌ട്രവത്കരണത്തിന് ഊന്നൽ നൽകാനും മറ്റു ഇന്ധനവിതരണക്കാരുമായി രൂപയിൽ ഇടപാട് നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ രൂപയിൽ പണമിടപാട് നടത്താനും വിതരണക്കാർക്ക് അവരുടെ പ്രാദേശിക കറൻസിയിൽ ഇടപാടുകൾ സ്വീകരിക്കാനും കഴിഞ്ഞ വർഷം ജൂലൈ 11-ന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് രൂപയിൽ പണമിടപാട് നടത്തുന്നതിനായുള്ള കരാറിൽ യുഎഇയുമായി ഇന്ത്യ ഒപ്പുവച്ചത്. തുടർന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 10 ലക്ഷം രൂപയുടെ ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഇതുവഴി കുറഞ്ഞ നിരക്കിൽ വിതരണക്കാരിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യാനും യുഎസ് ഡോളറിന്റെ പെരുപ്പം കുറയ്‌ക്കാനും ഇന്ത്യയ്‌ക്ക് സാധിക്കും. ഇതിനുമുമ്പ് ചില റഷ്യൻ കമ്പനികളുമായും ഇന്ത്യ രൂപയിൽ പണമിടപാട് നടത്തി ഓയിൽ ഇറക്കുമതി ചെയ്തിരുന്നു.















