പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ(51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
മോഹൻലാലിനെ നായകനാക്കി ഛായാമുഖി അടക്കം നിരവധി ശ്രദ്ധേയമായ നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരേ സമയം നാടക നടനായും സംവിധായകനായും തിളങ്ങിയ കലാകാരനായിരുന്നു പ്രശാന്ത് നാരായണൻ. 30 വർഷക്കാലമായി ഇന്ത്യൻ നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ചെറുപ്പത്തിലേ തന്നെ നാടകങ്ങൾ എഴുതിത്തുടങ്ങിയ പ്രശാന്ത് നാരായണൻ ഇന്ത്യൻ നാടകത്തിലും മലയാള നടകത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു.
2008 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഛായാമുഖി എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്വപ്‌ന വാസവദത്തം എന്ന നാടകം പല ഭാഷകളിലായി അദ്ദേഹം സംവിധാനം ചെയ്തു. മകരധ്വജൻ, കറ, താജ്മഹൽ, മണികർമ്മിക, താപാലാപ്പീസ് തുടങ്ങിയവയാണ് ശ്രദ്ധേയമായ നാടകങ്ങൾ. സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കഥകളി സാഹിത്യകാരൻ, കഥകളി നടൻ, അദ്ധ്യാപകൻ, മാദ്ധ്യമപ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഥകളി സാഹിത്യകാരനായ വെള്ളായണി നാരായണന്റെ മകനാണ്. കളം എന്ന പേരിൽ ഒരു നാടക പരിശീല കേന്ദ്രവും അദ്ദേഹം നടത്തുന്നുണ്ട്.















