തിരുവനന്തപുരം: പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ. ഔദ്യോഗിക ആവശ്യങ്ങൾക്കും സ്വകാര്യ സന്ദർശനങ്ങൾക്കും ചികിത്സയ്‌ക്കുമായാണ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയത്. ഈ യാത്രകളുമായി ബന്ധപ്പെട്ട വിമാനക്കൂലി ഇനത്തിൽ പിണറായി വിജയനും ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷും ചേർന്ന് 1.15 കോടി രൂപയാണ് റീഇംബേഴ്‌സ് ചെയ്തതത്.
2016 മുതൽ 2026 വരെയുള്ള യാത്രകളുടെ കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ നാലു യാത്രകൾ സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു. നാലു തവണ ചികിത്സയ്‌ക്കായി അമേരിക്ക സന്ദർശിച്ചിട്ടുണ്ട്.
2018 ജൂലൈ 9 മുതൽ 17 വരെ പിണറായി വിജയൻ അമേരിക്കയിൽ സ്വകാര്യ സന്ദർശനം നടത്തി. 2024 മേയ് മാസത്തിലായിരുന്നു മറ്റൊരു സ്വകാര്യ യാത്ര. മേയ് 6 മുതൽ 12 വരെ ഇന്തോനീഷ്യയിലും തുടർന്ന് 12 മുതൽ 18 വരെ സിംഗപ്പൂരിലും 19 മുതൽ 21 വരെ യുഎഇയിലുമായിരുന്നു സന്ദർശനം.
യുഎഇ, ബഹ്‌റൈൻ, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവെ, ക്യൂബ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും പിണറായി വിജയന്റെ വിദേശയാത്രാ പട്ടികയിലുണ്ട്.
2016–2021 കാലയളവിൽ പിണറായി വിജയനും വി.എം. സുനീഷും നടത്തിയ യുഎഇ, അമേരിക്ക, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ യാത്രകൾക്കായി 12,91,681 രൂപയാണ് വിമാനക്കൂലിയായി റീഇംബേഴ്‌സ് ചെയ്തത്. 2021–2026 കാലത്ത് പിണറായി വിജയൻ, കമല, സുനീഷ് എന്നിവർ അമേരിക്ക, നോർവെ, യുഎഇ, ക്യൂബ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രകൾക്ക് 1,02,47,400 രൂപയും ചെലവായി.
മുൻ മന്ത്രിമാരുടെ വിദേശയാത്രകളുടെ കണക്കുകളും റിപ്പോർട്ടിലുണ്ട്. എ.കെ. ബാലൻ ആറു യാത്രകൾ നടത്തിയപ്പോൾ കെ.ടി. ജലീൽ അഞ്ചു തവണ വിദേശത്തുപോയി. കടകംപള്ളി സുരേന്ദ്രൻ 13 വിദേശയാത്രകൾ നടത്തി. വി.എസ്. സുനിൽകുമാറിന്റെ ആറു യാത്രകളും സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇ.പി. ജയരാജൻ ഏഴു യാത്രകൾ നടത്തിയപ്പോൾ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി എന്നിവർ ഓരോ വിദേശയാത്ര വീതമാണ് നടത്തിയത്.















