ബെംഗളൂരു: 17 -ാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കുന്ന മഹാസതി ശില കണ്ടെത്തി. കർണാടകയിലെ കമ്പിലി എന്ന പ്രദേശത്ത് കൃഷിപ്പണികൾ ചെയ്യുന്നതിനിടെയാണ് ശില കണ്ടെത്തിയത്. ചിരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ഈ പ്രതിമ വിജയനഗര സാമ്രാജ്യ കാലത്ത് സ്ഥാപിച്ചതെന്നാണ് സൂചന. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.
പ്രതിമയിൽ ആയുധധാരിയായ ഒരു സ്ത്രീയും ഒപ്പം ഒരു പെൺകുട്ടിയും നിൽക്കുന്ന രൂപം കൊത്തിവച്ചിട്ടുണ്ട്. ശിലകണ്ടെത്തിയ കർഷകരാണ് ഇതിനെ വൃത്തിയാക്കി അധികൃതർക്ക് കൈമാറിയത്. ഗവേഷകനും ചരിത്രകാരനുമായ ശരൺബാസപ്പ കുൽക്കർ ശില കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കൂടാതെ ശിലയുടെ കാലപ്പഴക്കം മനസ്സിലാക്കാൻ കാർബൺ ഡേറ്റിംഗ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധഭൂമിയിൽ രാജ്യത്തിന്റെ ജീവൻ ബലിയർപ്പിച്ച ഒരു ധീരന് സമർപ്പിച്ചിരിക്കുന്ന കല്ലുകളാണ് വീരക്കല്ലുകൾ. കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുളള ഇത്തരം കല്ലുകൾ ധാരാളമായി കാണപ്പെടുന്നുണ്ട്. തന്റെ ഗ്രാമത്തിലെ മനുഷ്യരുടെയും സ്വത്തിന്റെയും സംരക്ഷണത്തിനായി നിസ്വാർത്ഥമായി ജീവൻ പണയം വച്ച അത്തരം മനുഷ്യർ അർദ്ധദൈവത്തിന്റെ പദവിയിലേക്ക് ഉയർത്തപ്പെടുകയും ഗ്രാമത്തിന്റെ നായകനായി മാറുകയും ചെയ്തിരുന്നു.
വീരഗല്ലു (ഹീറോ സ്റ്റോൺ) ശിൽപങ്ങൾക്ക് സമാനമായ മസ്തിഗല്ലു അല്ലെങ്കിൽ മഹാസതി കല്ല്, ഇണകൾ മരിച്ച ശേഷം അവർക്കു വേണ്ടി ജീവൻ ത്യജിച്ച സ്ത്രീകൾക്കായി സ്ഥാപിക്കപ്പെട്ടവയാണ്. 5-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് കർണാടകയിലെ മസ്തിഗല്ലുകൾ അഥവാ മഹാസതി ശിലകൾ സ്ഥാപിക്കപ്പെട്ടത്. സാധാരണയായി മസ്തി ഗല്ലുകളിൽ കൊത്തിവയ്ക്കുന്ന രൂപത്തിന്റെ വലതു കൈ ഉയർത്തി വെച്ചിരിക്കും. ഇത് മരണത്തിലൂടെ സ്വർഗത്തിലേക്ക് ഉയരുന്ന സ്ത്രീയുടെ മഹത്വത്തെ സൂചിപ്പിക്കുന്നു എന്നാണ് പ്രമാണം. യുദ്ധഭൂമിയിൽ ഭർത്താവിന്റെ മരണവാർത്ത കേട്ട് സ്വയം തീകൊളുത്തി മരണം ക്ഷണിച്ച സ്ത്രീയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്മാരകശിലകളും ഇക്കൂട്ടത്തിൽപ്പെടും.