തൃശൂർ: പൂരം പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ഏതു നീക്കവും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ബിജെപി പ്രത്യക്ഷ സമരത്തിനിറങ്ങും. ശബരിമലയെ തകർക്കാൻ ശ്രമിച്ച സർക്കാർ തൃശൂർ പൂരത്തെയും തകർക്കാൻ ശ്രമിക്കുകയാണ്. കേരളത്തിന്റെ സാംസ്കാരിക തനിമയെ തന്നെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൂരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ ജനങ്ങൾ കയ്യുംകെട്ടി നോക്കിയിരിക്കില്ല. ശബരിമലയിലുണ്ടായത് പോലെ ജനവികാരം സർക്കാർ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി എത്തുമ്പോൾ ആനകളെ ചമയത്തോടെ നിർത്തി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുമായി വൈകിട്ട് നടക്കുന്ന ചർച്ചിയിൽ പ്രതീക്ഷയുണ്ടെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. ബിജെപിയും മഹിളാ മോർച്ചയും ചേർന്ന് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വടക്കുംനാഥന്റെ മണ്ണിലെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രണ്ട് ലക്ഷം വനിതകൾ അണിനിരക്കും. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. ഈ സമയത്താണ് പാറമേക്കാവ് ദേവസ്വം പൂരമൊരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.