ആരാധകരുടെ കാത്തിരിപ്പിന് താളമേകാൻ മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ അത്യുഗ്രം അപ്ഡേഷൻ പുറത്തുവിട്ടത്. റാറാ റക റാറാ എന്ന് ആരംഭിക്കുന്ന മോഹൻലാൽ ആലപിച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
പിഎസ് റഫീഖ് രചിച്ച ഗാനം പ്രശാന്ത് പിള്ളയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആകാംക്ഷയൊരുക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. അതി ഗംഭീരമായാണ് മോഹൻലാൽ ഗാനം ആലപിച്ചിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങിയ വീഡിയോ ഗാനം ഇതിനോടകം ഒരു ലക്ഷത്തോളം പേർ കണ്ടു.
ഡിസംബർ 15-ന് മലൈക്കോട്ടെ വാലിബന്റെ ആദ്യ ഗാനം പുറത്തുവന്നിരുന്നു. ‘പുന്നാര കാട്ടിലെ പൂവനത്തിൽ കൊണ്ടു പോകാം നിന്നെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. രാത്രിയുടെ പശ്ചാത്തലത്തിലുള്ള ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ – ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഒരു കോടിയിലധികം പേരാണ് കണ്ടത്. മോഹൻലാലിന് പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരി പ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു.