പ്രൗഢ ഗംഭീരമായ അയോദ്ധ്യ ധാം റെയിൽവെ സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള റെയിൽവേ സ്റ്റേഷൻ അത്യാധുനിത സൗകര്യങ്ങളുള്ള സ്റ്റേഷനാക്കി മാറ്റിയത് വളരെ കുറഞ്ഞ സമയം കൊണ്ടാണ്.
അയോദ്ധ്യ ധാം ജംഗ്ഷൻ സ്റ്റേഷനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാം….
അത്യാധുനിക ഇൻഫ്രാസ്ട്രക്ചർ
240 കോടിയിലധികം രൂപ ചെലവിൽ മൂന്ന് നിലയിലായാണ് സ്റ്റേഷൻ നിർമിച്ചത്. ഫുഡ്കോർട്ടുകൾ, വെയിറ്റിംഗ് ഹാൾ, ടോയ്ലറ്റുകൾ, കുടിവെള്ള സ്റ്റേഷനുകൾ, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, സ്റ്റാഫ് റൂമുകൾ, ഷോപ്പുകൾ തുടങ്ങി എല്ലാംവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗംഭീരമായ പ്രവേശന കവാടവും ഇവിടെയുണ്ട്.
പരിസ്ഥിതി സൗഹൃദം
ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (IGBC) ഒരു ഗ്രീൻ സ്റ്റേഷൻ ബിൽഡിംഗായി റെയിൽവേ സ്റ്റേഷനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ശിശു സൗഹൃദ മുറിയും ക്ലിനിക്കും
ഒരു ശിശു സൗഹൃദ മുറിയും പ്രഥമ ശുശ്രൂഷയ്ക്കായി ഒരു പ്രത്യേക ക്ലിനിക്കും അടക്കം തികച്ചും ആസൂത്രിതമായാണ് സ്റ്റേഷൻ നിർമിച്ചത്. പാസഞ്ചർ ഫെസിലിറ്റി ഡെസ്ക്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ എന്നിവയും ഇവിടെയുണ്ട്, കൂടാതെ 7,200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നടുത്തളവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ പ്രവേശിക്കുന്ന അനുഭൂതി
റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ ഗേറ്റും താഴികക്കുടവും മുഴുവൻ നിർമ്മിച്ചിരിക്കുന്നത് രാമക്ഷേത്രത്തിൽ ഉപയോഗിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള അതേ കല്ലുകൾ കൊണ്ടാണ്. മഴ പെയ്താൽ തിളക്കം കൂടുമെന്നതാണ് ഇവയുടെ പ്രത്യേകത. സ്റ്റേഷന്റെ മുൻവശത്തും പ്ലാറ്റ്ഫോം വശങ്ങളിലുമായി എട്ട് ക്ഷേത്രസമാന ഗോപുരങ്ങൾ നിർമ്മിക്കുന്നു. സ്റ്റേഷന്റെ മുൻവശത്തെ ഗേറ്റിൽ നിന്ന് പ്രവേശിക്കുമ്പോൾ, ആളുകൾക്ക് അയോദ്ധ്യാ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്റെ അനുഭൂതി ലഭിക്കും. ഇത് പൗരാണികതയുടെയും ആധുനികതയുടെയും ഉത്തമ ഉദാഹരണമാണ്.
എയർപോർട്ടിന് സമാനമായ സവിശേഷതകൾ
എയർപോർട്ടിന് സമാനമായ സൗകര്യങ്ങളാണ് ഇവിടെയും ഉള്ളത്. പ്രത്യേക അറൈവൽ, ഡിപ്പാർച്ചർ ഏരിയകൾ, ടാക്സി ബേ, വിപുലമായ എൻട്രസ് ഏരിയ, എന്നിവയുമുണ്ട്. സുരക്ഷ ഉറപ്പാക്കാൻ എല്ലാ നിലകളെയും ബന്ധിപ്പിക്കുന്ന ഫയർ എക്സിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.