2023 ഇന്ത്യയ്ക്ക് പ്രത്യാശയുടെയും, സന്തോഷത്തിന്റെയും ഒപ്പം ദുഃഖത്തിന്റെയും വർഷമായിരുന്നുവെങ്കിൽ പാകിസ്താന് അത് അജ്ഞാത ഭീതിയിൽ ആടിയുലഞ്ഞ വർഷമായിരുന്നു . ഖലിസ്ഥാനി വിഘടനവാദി എച്ച്എസ് നിജ്ജാർ മുതൽ ലഷ്കർ ഇ ടി കമാൻഡർ ഷാഹിദ് ലത്തീഫ് വരെ, ഇന്ത്യ അന്വേഷിക്കുന്ന നിരവധി ഭീകരരാണ് ഇക്കഴഞ്ഞ മാസങ്ങളിൽ അജ്ഞാതരായ അക്രമികളാൽ കൊല്ലപ്പെട്ടത് .
ആരാണ് ആ അജ്ഞാതൻ , എപ്പോഴാണ് ഇത് ആരംഭിച്ചത്, ഹിറ്റ് ലിസ്റ്റിൽ എത്ര ടാർഗെറ്റുകൾ ഉണ്ട്? ഇന്ന് പാകിസ്താൻ മാത്രമല്ല ലോകം പോലും ചോദിക്കുന്നത് ഈ ചോദ്യമാണ് . പാകിസ്താനിൽ 16 കൊലപാതകങ്ങളാണ് ഈ വർഷം ഫെബ്രുവരി മുതൽ ഇങ്ങോട്ട് നടന്നത് . കൊല്ലപ്പെട്ട 16 പേരും ലഷ്കർ-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളുടെ നേതാക്കന്മാരായിരുന്നു . കറാച്ചി, സിയാൽകോട്ട്, നീലം താഴ്വര , ഖൈബർ പഖ്തൂൺഖ്വ, റാവൽകോട്ട്, റാവൽപിണ്ടി, ലാഹോർ എന്നിങ്ങനെ പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ ഈ ഭീകരർ കൊല്ലപ്പെട്ടു.
ഈ കൊലപാതകങ്ങളെല്ലാം കൂടുതലും നടത്തിയത് ഒരേ രീതിയിലുള്ള പ്രവർത്തനരീതി ഉപയോഗിച്ചാണ്. മോട്ടോർ സൈക്കിളിലെത്തുന്ന തോക്കുധാരികൾ വെടിവെച്ച് വീഴ്ത്തിയ ശേഷം 10 സെക്കൻഡിനുള്ളിൽ സ്ഥലം വിടുന്ന രീതി . ഇത്തരം കുറ്റമറ്റ കൊലപാതകങ്ങൾക്ക് മാസങ്ങളോളം മാനസികവും ശാരീരികവുമായ പരിശീലനം ലഭിച്ച ആളുകൾ ആവശ്യമാണെന്നാണ് പാക് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ .
തങ്ങൾ സുരക്ഷിത താവളങ്ങളിലാണെന്ന് ഒരിക്കൽ കരുതിയിരുന്ന ഇന്ത്യയുടെ ആ ശത്രുക്കൾ തങ്ങളുടെ സങ്കേതം സുരക്ഷിതമല്ലെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. സെപ്തംബർ 8 ന് പാക് അധീന കശ്മീരിലെ (പിഒകെ) പള്ളിയിൽ നിർജീവമായി കിടക്കുന്ന റിയാസ് അഹമ്മദ് എന്ന അബു ഖാസിമിന്റെ ഭയാനകമായ ചിത്രം പാകിസ്താനെ നന്നായി ഭയപ്പെടുത്തി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മരണപ്പെട്ട അബു ഖാസിമിന്റെ ചുറ്റും രക്തം ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പിഒകെയിലെ റാവൽകോട്ടിൽ വച്ചാണ് ഇയാൾ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
മോസ്റ്റ് വാണ്ടഡ് ലഷ്കർ ഭീകരരിൽ ഒരാളായ അബു ഖാസിം 1999ൽ പാകിസ്താനിലേക്ക് കടന്നിരുന്നു. ഇതിന് ശേഷം ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തി. കഴിഞ്ഞ ജനുവരിയിൽ രജൗരി ജില്ലയിൽ നടന്ന ദാംഗ്രി ഭീകരാക്രമണവും ഇതിൽ ഉൾപ്പെടുന്നു.
അൽ-ബദർ കമാൻഡർ സയ്യിദ് ഖാലിദ് റാസയും ജെയ്ഷെ മുഹമ്മദ് മെക്കാനിക്ക് സഹൂർ ഇബ്രാഹിമും കറാച്ചിയിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ വെടിയേറ്റ് മരിച്ചു. ഇന്ത്യൻ എയർലൈൻസിന്റെ ഐസി 184 വിമാനം തട്ടിക്കൊണ്ടുപോയവരിൽ ഇരുവരും ഉൾപ്പെടുന്നു.