അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന ഉദ്ധവ് താക്കറെയുടെ പരാമർശത്തോട് പ്രതികരിച്ച് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമ ഭക്തരായവർക്ക് മാത്രമേ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണം നൽകിയിട്ടുള്ളൂവെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർത്ഥ ശ്രീരാമ ഭക്തനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“ശ്രീരാമന്റെ ഭക്തരായ ആളുകൾക്ക് മാത്രമേ ക്ഷണം നൽകൂ. രാമന്റെ പേരിൽ ബിജെപി പോരാടുന്നു എന്ന തരത്തിലുള്ള പ്രസ്താവന വളരെ തെറ്റായ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാവരും ബഹുമാനിക്കുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി അദ്ദേഹവും കേന്ദ്ര സർക്കാരും ഒരുപാട് കാര്യങ്ങൾ ചെയ്തു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല, ശ്രീരാമ ഭഗവാനോടുള്ള ഭക്തിയാണ്”- ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.















