ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ജപ്പാൻ സമയം വൈകിട്ട് 4.10-നാണ് സംഭവം. ജപ്പാനിലെ വടക്കൻ മേഖലയിലുള്ള നോട്ടോയിലാണ് ഭൂചലനമുണ്ടായത്. ഇതോടെ ഇഷിക്കാവലുള്ളവർക്ക് സുനാമി മുന്നറിയിപ്പ് നൽകി.
നിഗാട്ട, തോയമ, യാമഗട്ട, ഫുക്കുയ്, ഹ്യോഗോ എന്നീ സമുദ്രതീര മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഉയർന്ന തിരമാലകളുണ്ടാകുമെന്നതിനാൽ തീരദേശവാസികൾ അത്യധികം ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഉയർന്ന പ്രദേശങ്ങളിലേക്ക് ജനങ്ങൾ താമസം മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഇഷിക്കാവ മേഖലയിലുള്ള എല്ലാ ഹൈ-സ്പീഡ് ട്രെയിനുകളും റദ്ദാക്കി.
2011-ൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ സുനാമിയുണ്ടായിരുന്നു. 40 മീറ്റർ ഉയരത്തിലായിരുന്നു തിരമാലകൾ ആഞ്ഞടിച്ചത്. ആറ് മിനിറ്റ് നീണ്ട ഭൂചലനത്തെ തുടർന്ന് 18,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവധി പേരെ കാണാതായി. ‘ഗ്രേറ്റ് ഈസ്റ്റ് ജപ്പാൻ എർത്ത്ക്വേക്ക്’ എന്നാണ് ഇതിനെ വിളിക്കുന്നത്.