ആലപ്പുഴ: ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയുടെയും സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ദീപ, കൃഷ്ണ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ആർത്തുങ്കൽ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സംഭവം പുറത്തായതിന് പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മയും സുഹൃത്ത് കൃഷ്ണകുമാറും ചേർന്ന് മർദ്ദിച്ചത്. ക്രൂര മർദ്ദനത്തിൽ കുഞ്ഞിന്റെ കൈയെല്ലിന് പൊട്ടലുണ്ടായി.
അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. മർദ്ദിച്ച ശേഷം ദീപയും സുഹൃത്തും കുഞ്ഞിനെ അച്ഛന്റെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്.