ടോക്കിയോ: പുതുവർഷദിനത്തിൽ ജപ്പാനിൽ 155ഓളം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിക്ടർ സ്കെയിലിൽ 6ന് മുകളിലും, 7.6 തീവ്രത രേഖപ്പെടുത്തിയതുമായ രണ്ട് ഭൂചലനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഭൂരിഭാഗത്തിന്റേയും തീവ്രത മൂന്നിന് മുകളിലാണ്. ഇന്ന് പുലർച്ചെ ആറോളം ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതായും ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മധ്യ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളാണ് പ്രദേശത്തെ വീടുകൾക്കും കടകൾക്കും സംഭവിച്ചത്. ഒരു മീറ്ററിലധികം ഉയരത്തിൽ കടൽ തിരമാലകൾ ഉയർന്നു പൊങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി ബോട്ടുകൾ നശിച്ചിട്ടുണ്ട്. ജപ്പാനിൽ പലയിടത്തും വൈദ്യുതി വിതരണവും പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവയിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. വാജിമ തുറമുഖത്ത് നാലടി ഉയരത്തിലുള്ള തിരമാലകളാണ് വീശിയടിച്ചത്. ഇവിടെ 32,000ത്തിലധികം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ചിലയിടങ്ങളിൽ തീവ്രതയില്ലാത്ത ചെറിയ സുനാമികൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. എന്നാൽ രാജ്യത്ത് സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഭൂചലനം രൂക്ഷമായി ബാധിച്ച ഇടങ്ങളിൽ നിന്ന് പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയിരത്തോളം പേരെ സൈനിക താവളങ്ങളിലേക്ക് അടിയന്തരമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയതായി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.