നല്ലൊരു സ്മാർട്ട്‌ഫോൺ എല്ലാവരുടെയും സ്വപ്‌നമാണ്. സ്മാർട്ട്‌ഫോണുകളും ഐഫോണുകളും വിപണി കീഴടക്കുമ്പോൾ പണം നോക്കാതെ തന്നെ മികച്ച ഫോണുകൾ തിരഞ്ഞെടുക്കുന്നതിനാണ് നാം പ്രാധാന്യം നൽകുന്നത്. ഏതൊക്കെ കമ്പനികളുടെ ഡിവൈസായിരിക്കും നല്ലതെന്ന് പലപ്പോഴും നാം അന്വേഷിക്കാറുണ്ട്. അത്തരത്തിൽ ഒരു സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനു മുമ്പായി ഉപയോക്താക്കൾ തിരഞ്ഞ മൂന്ന് പ്രധാന കാര്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കൗണ്ടർ പോയിന്റ് റിസർച്ച് റിപ്പോർട്ട്.
സ്മാർട്ട്‌ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന 76 ശതമാനം ഉപഭോക്താക്കളും ഡിവൈസിന്റെ പെർഫോമൻസിനെ കുറിച്ചുള്ള കാര്യങ്ങൾ തിരഞ്ഞതായി സർവെ പറയുന്നു. 66 ശതമാനം വ്യക്തികളും ഗ്രാഫിക്‌സ്, ഗെയിമിംഗ് ഫീച്ചറുകൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും 62 ശതമാനം ആളുകൾ 5ജി കണക്റ്റിവിറ്റിയുള്ള ഫോണുകൾ തിരഞ്ഞെടുക്കുന്നതിനും പ്രാധാന്യം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
സ്മാർട്ട്‌ഫോണുകളുടെ പെർഫോമൻസ് മികച്ചതാക്കാൻ കഴിവുള്ള ചിപ്പ്‌സെറ്റുകളെ കുറിച്ചും ഉപഭോക്താക്കൾ തിരയുന്നുണ്ട്. ഉയർന്ന നിലവാരമുള്ള ചിപ്‌സെറ്റുകൾ അടങ്ങിയിരിക്കുന്ന സ്മാർട്ട്‌ഫോണുകളാണ് ഇപ്പോൾ വിപണികൾ കീഴടക്കുന്നത്. ആപ്പിൾ ഫോണിനെ മികച്ചതാക്കുന്നതു മുതൽ സാംസംഗ് അടക്കമുള്ള പ്രമുഖ സ്മാർട്ട്‌ഫോണുകളുടെ എഐ ഫീച്ചറുകൾ ഉൾപ്പെടെയുള്ള പ്രമുഖ ഫീച്ചറുകൾ ചിപ്‌സെറ്റുകൾക്ക് അനുസരിച്ചാണ് പെർഫോം ചെയ്യുന്നത്.















