തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനം ആദിത്യശോഭയിൽ തിളങ്ങുമ്പോൾ കേരളത്തിനും അഭിമാനിക്കാം. ആദിത്യ എൽ-1-ന്റെ പേലോഡുകളിലൊന്നായ പ്ലാസ്മ അനലൈസർ പാക്കേജ് വികസിപ്പിച്ചത് തലസ്ഥാനത്തെ സ്‌പേസ് ഫിസിക്സ് ലബോറട്ടറിലാണ്. ‘പാപ്പ’ എന്ന ഈ പേലോഡിൽ രണ്ട് സെൻസറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സൗരക്കാറ്റിലെ ഇലക്‌ട്രോണുകളുടെയും അയോണുകളുടെയും പ്രവാഹം നിരീക്ഷിക്കുകയെന്നതാണ് ലക്ഷ്യം. സുപ്രധാന വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് പേലോഡുകൾ.
സോളാർ വിൻഡ് എനർജി പ്രോബ് (സ്വീപ്), സോളാർ വിൻഡ് അയോൺ കോംപോസിഷൻ അനലൈസർ (സ്വികർ) എന്നീ സെൻസറുകൾ ഉപയോഗിച്ചാണ് പാപ്പ സൗരവാതത്തെക്കുറിച്ച് പഠിക്കുന്നത്. ആദിത്യ എൽ-1-നെ ബഹിരാകാശ കാലാവസ്ഥ പഠന കേന്ദ്രമായി പ്രവർത്തിക്കാൻ സഹായിക്കുന്നതും പാപ്പ തന്നെയാണെന്നതും അഭിമാനിക്കാം. ഏഴ് പേലോഡുകളാണ് ആദിത്യ എൽ-1ലുള്ളത്.
സ്പേസ് ഫിസിക്സ് ലബോറട്ടറി ഡയറക്ടർ ഡോ. കെ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാപ്പ പേലോഡ് വികസിപ്പിച്ചത്. ലക്ഷ്യത്തിലേക്കുള്ള യാത്രയ്‌ക്കിടെ പാപ്പയെ ഡിസംബർ എട്ടിന് ഓൺ ചെയ്ത് നില പരിശോധിച്ചിരുന്നു. പേലോഡിന്റെ ഇലക്‌ട്രോണിക്സ് ഘടകങ്ങളിൽനിന്ന് ശേഖരിച്ച ഒട്ടേറെ സെറ്റ് വിവരങ്ങൾ സ്‌പെയ്‌സ് ഫിസിക്സ് ലബോറട്ടറിയിലെ ഓപ്പറേഷൻ സെന്ററിൽ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശാസ്ത്ര ലോകത്തിന് സുപ്രധാന വിവരങ്ങൾ നൽകുന്നതിൽ ബൃഹത്തായ പങ്ക് പാപ്പ വഹിക്കുമെന്നതിൽ സംശയമില്ല.















