മിഥുൻ മാനുവൽ തോമസ് തിരക്കഥ നിർവ്വഹിച്ച് വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ഫീനിക്സ്. ഹൊറർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ അജു വർഗ്ഗീസ്, നിൽജ, ചന്ദുനാഥ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച ബാലതാരം ആവണിയും കയ്യടി നേടിയിരുന്നു.
ഫീനിക്സ് കഴിഞ്ഞ ദിവസമായിരുന്നു ഒടിടിയിലെത്തിയത്. ഇതോടെ കുട്ടി താരത്തിന്റെ പ്രകടനത്തെ പറ്റി സോഷ്യൽ മീഡിയയിൽ പ്രശംസകളും നിറഞ്ഞു. നടി അഞ്ജലി നായരുടെ മകളാണ് ആവണി. ഓഡിഷൻ വഴിയാണ് ഫീനിക്സിൽ ആവണിക്ക് അവസരം ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആവണിയുടെ റീൽസ് വീഡിയോകൾ കണ്ട് ഇഷ്ടപ്പെട്ട വിഷ്ണു ഭരതൻ ഓഡിഷന് വിളിക്കുകയായിരുന്നു. അജു വർഗ്ഗീസിനോട് ദേഷ്യപ്പെടുന്ന രംഗം അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ആവണിയുടെ പ്രകടനം ഇഷ്ടമായ സംവിധായകൻ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ഫീനിക്സിന്റെ ചിത്രീകരണം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നെന്ന് ആവണി വ്യക്തമാക്കുന്നു. രാത്രി മൂന്ന് മണിവരെ ഷൂട്ടിംഗ് നടന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. ഹൊറർ ചിത്രമായതുകൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടുള്ള ചിത്രീകരണമായിരുന്നു. എന്നാൽ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ തന്റെ പ്രകടനം കണ്ട് എല്ലാവരും കയ്യടിച്ചെന്നും ആവണി പറയുന്നു. ഫീനിക്സ് ആവണിയുടെ പതിനാറാമത്തെ ചിത്രമാണ്. ആദിയും അമ്മുവും എന്ന സിനിമയിലാണ് ഇതിനു മുമ്പ് ആവണി ഒരു മുഴുനീളൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫീനിക്സിലെ തന്റെ പ്രകടനം അമ്മ അഞ്ജലി തീയേറ്ററിലാണ് കണ്ടതെന്നും അമ്മയ്ക്ക് വളരെ സന്തോഷം തോന്നിയെന്നും താരം പറഞ്ഞു.