ലക്നൗ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് അവധി. ജനുവരി 22ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം മദ്യശാലകൾ അടച്ചിടണമെന്നും നിർദ്ദേശമുണ്ട്.
ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30:32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂർത്തം കുറിച്ചത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ലധികം വിശിഷ്ടവ്യക്തികൾ പങ്കെടുക്കും. കലാ- സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഉൾപ്പെടുന്ന ഇവരെ ശ്രീരാമ ജന്മഭൂമി ട്രസ്റ്റാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.