കുപ്പിയിൽ കിട്ടുന്ന ‘ശുദ്ധ വെള്ളം’ കുടിക്കാത്ത ആരാണുള്ളതല്ലേ. യാത്രയ്‌ക്കിടയിലും മറ്റും സ്ഥിര സാന്നിധ്യമാണ് മിനറൽ വാട്ടർ. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച വെള്ളവും. അടുത്തിടെ കൊളംബിയ സർവകലാശാലയിൽ നിന്ന് പുറത്തുവന്ന പഠന റിപ്പോർട്ട് കുപ്പിവെള്ളത്തിന്റെ വിശ്വസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
കുപ്പിവെള്ളത്തിലെ നാനോ പ്ലാസ്റ്റിക് സാന്നിധ്യത്തെ കുറിച്ചുള്ള ആദ്യത്തെ പഠനമാണ് കൊളംബിയയിൽ നടന്നത്. ഒു ലിറ്റർ കുപ്പിവെള്ളം കുടിക്കുമ്പോൾ 2.4 ലക്ഷത്തോളം പ്ലാസ്റ്റിക് കണങ്ങളാണ് അകത്ത് ചെല്ലുന്നതെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. മനുഷ്യന്റെ തലമുടി നാരഴിയയുടെ വിസ്താരത്തിന്റെ ഏഴുപതിലൊന്ന് വലുപ്പം മാത്രമുള്ള നാനോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. നൈസിൻ ചിയാനും സംഘവുമാണ് ഞെട്ടിക്കുന്ന പഠനത്തിന് പിന്നിൽ.
യുഎസിൽ വിൽക്കുന്ന മൂന്ന് ജനപ്രിയ ബ്രാൻഡുകളാണ് പഠന വിധേയമാക്കിയത്. ഒരു ലിറ്ററിന്റെ 25 കുപ്പികളാണ് പരിശോധിച്ചത്. ഓരോ ലിറ്ററിലും ഏകദേശം 1.1-3.7 ലക്ഷം പ്ലാസ്റ്റിക് ശകലങ്ങൾ വരെ ഗവേഷകർ കണ്ടെത്തി. ഇതിൽ 90 ശതമാനം നാനോപ്ലാസ്റ്റികാണ്. മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും ഇവയ്‌ക്ക് എളുപ്പം കടക്കാൻ കഴിയുന്നു. പ്ലാസന്റാ വഴി ഗർഭസ്ഥ ശിശുവിലേക്കും എത്തുന്നു.
ഗവേഷകരുടെ കണ്ടെത്തലുകൾ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുത്തൻ മൈക്രോസ്കോപ്പി സാങ്കേതികവിദ്യ വികസിപ്പിച്ചാണ് നാനോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കുപ്പിവെള്ളത്തിലെ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മാത്രാമാണ് ഇതുവരെ കണ്ടെത്തിയത്. ഒന്ന് മുതൽ 5000 വരെ മൈക്രോ മീറ്റർ വലുപ്പമുള്ളവയാണ് മൈക്രോ പ്ലാസ്റ്റിക്.















