കൊച്ചി: കടയുടെ മുന്നിൽ ഇരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മദ്ധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കടയുടമ അറസ്റ്റിൽ. വടക്കേ ഇരുമ്പനം സ്വദേശി ശശി ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഇരുമ്പനം സ്വദേശി ഹരിഹരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂർ റോഡിലുള്ള ഹരിഹരന്റെ കടയ്ക്ക് മുന്നിലാണ് സംഭവം നടന്നത്. തുണിക്കടയും ടെയ്ലറിംഗ് ഷോപ്പും ചേർന്നാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ ശശി തുണിക്കടയുടെ മുന്നിൽ ഇരുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.
കടയുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് പോകാൻ ഉടമ ആവശ്യപ്പെട്ടെങ്കിലും ശശി ഏണീറ്റ് പോകാൻ തയാറായില്ല. ഇതിൽ പ്രകോപിതനായ ഹരിഹരൻ വാക്കത്തി എടുത്ത് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ ശശിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.