കേരളീയ സമ്പ്രദായമനുസരിച്ച് ഓരോ മലയാള മാസത്തിലെയും ആദ്യത്തെ ആഴ്ചകളിലെ ദിവസങ്ങളെ മുപ്പട്ട് ദിനങ്ങളായി കണക്കാക്കുന്നു. അങ്ങിനെ വരുമ്പോൾ എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച മുപ്പട്ട് ചൊവ്വ ആണ്. അന്ന് സാധാരണയായി ഭദ്രകാളിക്കും മുരുകനും പ്രധാനമാണ്. ഇതേ വസ്തുത മകരമാസമാകുമ്പോൾ കുറേക്കൂടി പ്രാധാന്യമുള്ളതാകുന്നു. മകര മാസത്തിലെ മുപ്പട്ട് ചൊവ്വാഴ്ച അതായത് മകര മാസത്തില്‍ വരുന്ന ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വയായി ആഘോഷിച്ച് വരുന്നത്. ഇതനുസരിച്ചു ഈ വർഷം ജനുവരി 16 നാണ് മകരച്ചൊവ്വ.
നവഗ്രഹങ്ങളിലെ പ്രധാനികളിലൊന്നായ ചൊവ്വ മകരം രാശിയിൽ കൂടുതൽ ബലവാനാകും. ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് മകരം രാശി അറിയപ്പെടുന്നത്. ഈ കാരണത്താൽ കൂടിയാണ് എല്ലാമാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചക്ക് പ്രാധാന്യം വർദ്ധിക്കുന്നത്. അതുകൊണ്ടാണ് മകരം രാശിയില്‍ വരുന്ന ആദ്യ ചൊവ്വയെ മകരച്ചൊവ്വ എന്ന് രീതിയില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. ജ്യോതിഷത്തിൽ സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ അധിപതികള്‍. അതുകൊണ്ട് തന്നെ ചൊവ്വക്കു പ്രാധാന്യമുള്ള ഈ ദിനത്തില്‍ ഈ ദേവതകളെ പ്രാർത്ഥിക്കണം. മകരച്ചൊവ്വ സാധാരണയായി ഷഷ്ഠി കൂടി ആയിരിക്കും.
കേരളത്തില്‍ ഭദ്രകാളി, ദേവീ ക്ഷേത്രങ്ങളില്‍ മകരച്ചൊവ്വ വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടുകളും പൂമൂടല്‍, പൊങ്കാല എന്നിവയെല്ലാം വളരെയധികം പ്രാധാന്യത്തോടെ നടത്തുന്നു. പല ഭദ്ര കാളി ക്ഷേത്രങ്ങളിലും ഉത്സവം തുടങ്ങുന്നതോ അവസാനിക്കുന്നതോ മകരച്ചൊവ്വയിൽ ആയിരിക്കും. ആ ദിനം മാത്രമായി ഉത്സവം ആഘോഷിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട്.
ഈ ദിനത്തിലെ ദേവീക്ഷേത്ര ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ നടത്തുന്ന പ്രാർത്ഥനയും ജപവും വഴിപാടുകളും ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാന്‍ ദേവി അനുഗ്രഹിക്കുന്നു.
മകരച്ചൊവ്വയിൽ ഭദ്രകാളിയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്?
ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽക്കുന്നവൾ എന്നർഥം.പാര്‍വ്വതി ദേവിയുടെ അംശാവതാരമായ ഭദ്രകാളി ദേവിയുടെ രൗദ്രഭാവമാണ്. ഭദ്രകാളീദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും നേടിത്തരുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച ദിനം ദേവിക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. എല്ലാ മലയാള മാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചയായ മുപ്പെട്ട് ചൊവ്വ ദിനത്തിൽ ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നതിന് നിര്‍ബന്ധമായും ശ്രദ്ധിക്കണം. അതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും ചൊവ്വയുടെ ദോഷഫലങ്ങളും ശനിയുടെ ദോഷഫലങ്ങളും എല്ലാം ഇല്ലാതാവുന്നു. മകരച്ചൊവ്വ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും കഠിനപായസം ദേവിക്ക് വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യണം. ലളിതാ സഹസ്രനാമം എപ്പോഴും ഉരുവിടുകയും ദേവിയെ സദാസമയം മനസ്സില്‍ പ്രാര്‍ത്ഥിക്കുകയും വേണം.
നമ്മുടെ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും ഇരുട്ടിനെ ഇല്ലാതാക്കി, വെളിച്ചമാകുന്ന ജ്ഞാനത്തെ വർദ്ധിപ്പിക്കുന്ന ദേവിയാണ് മഹാഭദ്രകാളി. അമ്മയുടെ രൂപം ഭയാനകമാണ് . നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന സാമാന്യ തത്വമാണ് ഇതിന്റെ പിന്നിലുള്ളത്. മകരച്ചൊവ്വ ദിനത്തില്‍ ദേവിയെ ഭക്ത്യാരാധനയോടെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിലനില്‍ക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യുന്നതിനും ജീവിതത്തില്‍ വിജയത്തിലെത്തുന്നതിനും ദേവി അനുഗ്രഹിക്കുന്നു. ഏത് ദുരിതങ്ങളേയും താങ്ങുന്നതിന് ദേവി പ്രാപ്തനാക്കുന്നു.
മകരച്ചൊവ്വ ദിനത്തില്‍ വൈകിട്ട് ദേവിക്ക് വേണ്ടി പ്രത്യേകം വിളക്കുകള്‍ കൊളുത്തി പ്രാര്‍ത്ഥിക്കണം. സന്ധ്യക്ക് ദേവിക്ക് പ്രത്യേക വിളക്ക് കൊളുത്തി നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നതിന് ശ്രദ്ധിക്കുക. ലളിത സഹസ്രനാമവും ദേവീമാഹാത്മ്യത്തിലെ സ്തുതികളും ദേവി സ്‌തോത്രങ്ങളും ഭദ്രകാളി മന്ത്രങ്ങളും അഷ്ടോത്തരവും ജപിക്കുക. ജപിക്കുക.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലും ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.
മകരച്ചൊവ്വ ദിനം സാധാരണയായി ഷഷ്ഠിയും കൂടി ആയിരിക്കും. ആ ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുക ഷഷ്ഠി വ്രതം കൃത്യമായ അനുഷ്ടാനങ്ങളോടെ എടുക്കുക എന്നതും പ്രധാനമാണ്. സുബ്രഹ്മണ്യ പ്രീതികരങ്ങളായ മന്ത്രങ്ങളും സുബ്രമണ്യ ഗായത്രിയും ജപിക്കാൻ മറക്കരുത്.
ഏവർക്കും മംഗളകരമായ ഒരു മകരച്ചൊവ്വ ദിനം ആശംസിക്കുന്നു.















