പ്രാണ പ്രതിഷ്ഠാ ദിനം രാം ലല്ലയ്‌ക്ക് അണിയാനുള്ള പുതു വസ്ത്രങ്ങളും പതാകയും കൈമാറി; അയോദ്ധ്യ ഉത്സവലഹരിയിൽ

Published by
Janam Web Desk

അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, രാം ലല്ലയ്‌ക്ക് അണിയാനുള്ള പുതു വസ്ത്രങ്ങളും പതാകയും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിന് കൈമാറി. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷമായിരിക്കും രാം ലല്ലയെ പുതിയ വസ്ത്രം ധരിപ്പിക്കുന്നത്. രാമദൾ അയോദ്ധ്യ അദ്ധ്യക്ഷൻ കൽക്കി രാം ദാസ് മഹാരാജാണ് ഈ വസ്ത്രം സമർപ്പിച്ചതെന്ന് ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി.

” ശ്രീരാമ ഭഗവാനെ പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന ദിവസത്തിലേക്കായാണ് ഈ വസ്ത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. രാം ലല്ലയ്‌ക്ക് പുതിയ വസ്ത്രങ്ങൾ സമർപ്പിച്ചതിനൊപ്പം തന്നെ ഒരു പതാകയും കൽക്കി രാം ദാസ് മഹാരാജ് സമർപ്പിച്ചിട്ടുണ്ട്. ഇതും ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്നും” ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഭഗവാൻ ശ്രീരാമന്റേയും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാരിന്റേയും പിന്തുണയുള്ളതിനാലാണ് ഇതെല്ലാം സാദ്ധ്യമായതെന്ന് കൽക്കി രാം ദാസ് മഹാരാജ് കൂട്ടിച്ചേർത്തു.

പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളാണ് ഭക്തർ രാം ലല്ലയ്‌ക്കായി സമർപ്പിക്കുന്നത്. ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ നിന്നുള്ള ഭക്തർ വെള്ളി ശംഖ്, പുല്ലാങ്കുഴൽ, ആഭരണങ്ങൾ തുടങ്ങിയവ ആചാര്യ സത്യേന്ദ്ര ദാസിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള പ്രധാന ചടങ്ങുകൾക്ക് നാളെ തുടക്കമാകും. വൈദിക വിധി പ്രകാരമുള്ള ആചാരങ്ങളാണ് നാളെ തുടങ്ങുന്നത്. തുടർന്ന് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള പുരോഹിതർ 22ാം തിയതി രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടത്തും.

 

 

Share
Leave a Comment