പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആടുജീവിതം. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 10-ന് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ, നജീബ് അനുഭവിച്ച ദുരിതത്തിന്റെ തീവ്രത തുറന്നുകാട്ടുന്ന മറ്റൊരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പൃഥ്വിരാജാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അതിജീവനവും ദുഃഖവും പേറുന്ന കണ്ണുകളാൽ തീവ്രതയോടെ നോക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററിലുള്ളത്. ആറ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഈ വർഷം ഏപ്രിൽ 10 നാണ് ആടുജീവിതം തിയേറ്ററിലെത്തുന്നത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്. റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിൽ- ഛായാഗ്രഹണം. പ്രശാന്ത് മാധവ് -കലാസംവിധാനം.