പസഫിക് സമുദ്രത്തിനടിയിൽ 120 ദശലക്ഷം വർഷമായി വളരുന്ന വമ്പൻ പ്രദേശം കണ്ടെത്തി. സോളമൻ ദ്വീപുകളുടെ കിഴക്കായി മെലനേഷ്യൻ ബോർഡർ എന്ന പീഠഭൂമിയാണ് ദിനോസറുകളുടെ കാലം മുതൽ വളർന്ന് കൊണ്ടിരിക്കുന്നത്. എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ് എന്ന ജേണലിലാണ് ഇക്കാര്യം വിശദമാക്കുന്നത്. നെവാഡ സർവകലാശാലയിലെ ജിയോ സയന്റിസ്റ്റായ കെവിൻ കോൺറാഡും സംഘവുമാണ് ഈ നിർണായക കണ്ടെത്തിലിന് പിന്നിൽ.
ഭൂകമ്പ വിവരങ്ങൾ, പാറകളുടെ സാമ്പിളുകൾ, ജിയോകെമിക്കൽ അനാലിസിസ്, കമ്പ്യൂട്ടർ മോഡലുകൾ എന്നിവയിൽ പഠനം നടത്തിയാണ് ശാസ്ത്രജ്ഞർ കടലിനടിയിലെ പ്രദേശം കണ്ടെത്തിയത്. 145 ദശലക്ഷം മുൻപ്, ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ടൈറനോസോറസ്, ട്രൈസെറാറ്റോപ്സ് തുടങ്ങിയ ദിനോസർ സ്പീഷീസുകൾ ഭൂമിയിൽ വിഹരിച്ചിരുന്നു. ഇതേ തുടർന്ന് വലിയ ഭൂകമ്പങ്ങളാണ് ഭൂമിയിലുണ്ടായത്. ഇതിന്റെ ഫലമായാണ് മെലനേഷ്യൻ പീഠഭൂമി രൂപപ്പെട്ടതെന്ന് ഗവേഷകർ കണ്ടെത്തി. നാല് വ്യത്യസ്ത ഘട്ടങ്ങളായിലായാണ് പീഠഭൂമി രൂപപ്പെട്ടത്. ജലത്തിനടിയിൽ ഉണ്ടായ ഭൂകമ്പം ആയതിനാൽ തന്നെ ഇവയുടെ കാരണങ്ങൾ പലതാകാമെന്ന് ജിയോ സയന്റിസ്റ്റായ കെവിൻ കോൺറാഡ് പറയുന്നു.
ഉപരിഘടനകളുടെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വിശദമായി പഠനം നടത്തുമെന്ന് ഗവേഷകർ പറഞ്ഞു. പരിസ്ഥിതിയിലും സമുദ്ര ജൈവവൈവിധ്യത്തിലും അവയുടെ സ്വാധീനത്തെക്കുറിച്ച് ഈ പഠനങ്ങൾ വെളിച്ചം വീശുമെന്നാണ് കണക്കുകൂട്ടൽ. ആഴക്കടലിന്റെ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള പര്യവേക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തങ്ങളുടെ പഠനം പ്രചോദനമാകുമെന്നും ഗവേഷകസംഘം പറഞ്ഞു.















