എറണാകുളം: നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ബസിനടിയിൽ പെട്ട സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റേതാണ് നടപടി.
ഈ മാസം 12-ന് ഒക്കലിൽ വച്ചായിരുന്നു വിദ്യാർത്ഥിനി സ്കൂൾ ബസിനടിയിൽ പെട്ടത്. സഹോദരിയ്ക്കൊപ്പം സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പെൺകുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോൾ ബസ് അശ്രദ്ധമായി മുന്നോട്ടേക്ക് എടുക്കുകയായിരുന്നു. പെട്ടെന്ന് പെൺകുട്ടി ബസ്സിനടിയിലേക്ക് വീഴുകയും ചെയ്തു. ബസിന്റെ അടിയിൽ ഇരുവശങ്ങളിലെയും ചക്രങ്ങൾക്ക് നടുവിൽ വീണതിനാൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.