അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ എന്നത് സംഘപരിവാർ സംഘടനകളുടെ വെറും വാക്ക് ആയിരുന്നില്ല എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വ്യക്തിയുടെതായാലും പ്രസ്ഥാനത്തിന്റെതായാലും വിജയത്തിന്റെ ആധാരം നിലപാടുകളിലെ സത്യസന്ധതയാണ്. കേവല തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി കുത്തിത്തിരുപ്പ് മുദ്രാവാക്യം ഉയർത്തിയ ഇടത് സംഘടനകളും തിരഞ്ഞെടുപ്പ് വിജയം സാവധാനമായാലും കുഴപ്പമില്ല, സത്യസന്ധമായ നിലപാട് സ്വീകരിക്കണം എന്ന് തീരുമാനിച്ച സംഘപരിവാർ സംഘടനകളും ഇതിന് ഉത്തമ ഉദാഹരണമാണ്.
നാം വിളിച്ച മുദ്രാവാക്യം പാഴാകാതെ ഇരിക്കുക എന്നത് എല്ലാ പൊതുപ്രവർത്തകർക്കും കിട്ടുന്ന സൗഭാഗ്യമല്ല. അക്കാര്യത്തിൽ സംഘപരിവാർ പ്രവർത്തകർ സുകൃതികളാണ്. നമ്മൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഈ ജീവിത കാലത്തിനിടെ യാഥാർഥ്യമാകുന്നത് കാണാൻ ഭാഗ്യം ഉണ്ടായി. അങ്ങനെ ഒരു സൗഭാഗ്യം കമ്യൂണിസ്റ്റ് ജീവിതത്തിൽ ഉണ്ടാകില്ല എന്നറിയാം. കുറേ ഉട്ടോപ്യൻ മുദ്രാവാക്യം വിളിച്ച് ചില പാവങ്ങളുടെ ജീവിതം തുലയ്‌ക്കാം എന്ന് മാത്രം. രാമക്ഷേത്രം യാഥാർഥ്യമായതോടെ എല്ലാമായി എന്ന് കരുതരുത്. “ദേവനിൽ നിന്ന് ദേശത്തിലേക്ക്…”, “രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്…” ഉയരണം എന്ന് പ്രധാനമന്ത്രി അഹ്വാനം ചെയ്തു കഴിഞ്ഞു.
“രാഷ്‌ട്രത്തിന്റെ പരമമായ വൈഭവം” ആവണം നമ്മുടെ ആത്യന്തിക ലക്ഷ്യം. ആരാധ്യ ദേവതയും രാഷ്‌ട്ര ദേവതയും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത ലോകത്തിലെ ഏക ജനതയാണ് നാം. രാമൻ ഹിന്ദു ദൈവം എന്നതിൽ ഉപരി രാഷ്‌ട്ര പുരുഷൻ ആവുന്ന വികാരം മനസിലാക്കാൻ പറ്റാത്തത് കൊണ്ടാണ് അന്തം കമ്മികൾ ഇന്നും രോദനവുമായി സാമൂഹ്യ മാദ്ധ്യമ പേജുകൾ നിറയ്‌ക്കുന്നത്. നിങ്ങളോട് പറയാൻ ഒന്ന് മാത്രമേ ഉള്ളൂ. ആദ്യം ഈ രാഷ്‌ട്രത്തെ മനസിലാക്കുക. എന്നിട്ട് രാഷ്‌ട്രീയം പയറ്റുക. അപ്പോൾ മാത്രമേ നിങ്ങൾക്ക് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. അല്ലായെങ്കിൽ നിലവിളി ശബ്ദവുമായി തെരുവുകൾ തോറും അലയാം. അതും ഏറി വന്നാൽ ഒരു 10 വർഷം കൂടി.
പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ. ജയ് ശ്രീറാം എന്ന് ഇപ്പോഴേ പറഞ്ഞ് ശീലിക്കുക. അങ്ങനെ വന്നാൽ ഈ 10 വർഷ കാലാവധി ചിലപ്പോൾ നീട്ടി കിട്ടിയേക്കും- സന്ദീപ് വാചസ്പതി പറഞ്ഞു.















