തിരുവനന്തപുരം: വ്യാജരേഖാ കേസ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു. വിദ്യയുടെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് വ്യാപക പരാതികളാണ് ഉയരുന്നത്.
വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ നേതാവ് കെ വിദ്യ പ്രതിയായതോടെയാണ് കാലടി സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനവും വിവാദമായത്. സംവരണ നിയമങ്ങൾ ലംഘിച്ച് വിദ്യയ്‌ക്ക് സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ പ്രവേശനം നൽകി എന്നതാണ് പരാതി.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിനാണ് സിൻഡിക്കേറ്റ് അംഗമായ ഒറ്റപ്പാലം എംഎൽഎ പ്രേംകുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ ഉപസമിതിയെ നിയോഗിച്ചത്. കഴിഞ്ഞ വർഷം ജൂൺ 9-നാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. എന്നാൽ അന്വേഷണം എവിടെയും എത്തിയില്ലെന്ന് ഉപസമിതി അംഗം ഡോ. മോഹൻദാസ് പറഞ്ഞു.